കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ പൊലീസ് കാവൽ പിൻവലിച്ചു
അന്തരിച്ച സിപിഎം നേതാവായ കോടിയേരി ബാലകൃഷ്ണന്റെ പൂട്ടിക്കിടക്കുന്ന മരുതൻകുഴിയിലെ വീട്ടിലെ പൊലീസ് കാവൽ പിൻവലിച്ചു. ഈ വീട്ടിൽ കഴിഞ്ഞ നാലരമാസമായി പൊലീസിനെ കാവലിന് നിയോഗിച്ചിരുന്നു. ഇവിടേക്ക് ഒരു എഎസ്‌ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാരാണ് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
പക്ഷെ ഡ്യൂട്ടിയിലിടുമ്പോൾ പോലും ഇവർ ആ വീട്ടിലേക്ക് എത്തിയിരുന്നില്ല എന്ന് വാർത്തകൾ വന്നിരുന്നു. മാധ്യമ വാർത്തകൾ വന്നതിനെ തുടർന്ന് സംഭവത്തിൽ ഇന്റലിജൻസ് ഇ ഡി അടക്കം റിപ്പോർട്ട് തേടിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ പൊലീസ് കാവൽ പിൻവലിച്ചിരിക്കുന്നത്. വാർത്തകൾക്ക് പിന്നാലെ നന്ദാവനം എ.ആർ ക്യാമ്പ് കമാണ്ടന്റ് അഞ്ച് പൊലീസുകാരെയും തിരിച്ചു വിളിക്കുകയായിരുന്നു.
അതേസമയം, നേരത്തെ പൊലീസ് കാവൽ പിൻവലിക്കണമെന്ന് കമാണ്ടന്റ് സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. നിലവിൽ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഫ്‌ളാറ്റിലും മകൻ ബിനീഷ് കോടിയേരി പിടിപി നഗറിലെ വീട്ടിലുമാണ് താമസിക്കുന്നത്.