ഷോപ്പിങ് മാളില്‍ യുവനടിമാര്‍ക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പൊലീസ് നടപടി തുടങ്ങി
കോഴിക്കോട്: നഗരത്തിലെ ഷോപ്പിങ് മാളില്‍ യുവനടിമാര്‍ക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പൊലീസ് നടപടി തുടങ്ങി.
സിനിമയുടെ നിര്‍മാതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതിക്രമം നടത്തിയവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. അതിക്രമത്തിനിരയായ നടിമാരുടെ മൊഴി രേഖപ്പെടുത്തും.
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങിനിടെയാണ് അതിക്രമം നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നടി തന്നെ മോശം അനുഭവം പങ്കുവയ്ക്കുകയായിരുന്നു. സിനിമാ പ്രമോഷന്റെ ഭാഗമായി സിനിമയിലെ നടന്‍ ഉള്‍പ്പടെയുള്ള ടീമാണ് മാളില്‍ എത്തിയത്. പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ഒരാള്‍ നടിയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവം ഉണ്ടാകുമ്ബോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
അതിനു പിന്നാലെ വന്ന മറ്റൊരു നടിക്കും സമാനമായ അനുഭവമുണ്ടായി. ഈ നടി ഇതിനെതിരെ പ്രതികരിക്കുകയും അക്രമി എന്ന് കരുതുന്നയാള്‍ക്കുനേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.