കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ പോലീസുകാരൻ സുനുവിന് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം
തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ പി.ആര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്.
കേസിലെ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെ ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനില്‍ എത്തി തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു. കേസ് അന്വേഷണത്തിലെ എഫ്ഐആറില്‍ പ്രതിയായിരിക്കെ ഇയാൾ ജോലിക്കെത്തിയത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് അവധിയില്‍ പോകാന്‍ ഉയര്‍ന്ന ഉദ്യേഗസ്ഥര്‍ നിര്‍ദേശിച്ചത്.
ഒരാഴ്ച്ച മുൻപായിരുന്നു പീഡനക്കേസില്‍ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സുനുവിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ നാലുദിവസത്തോളം പോലീസ് ചോദ്യം ചെയ്തിരുന്നു. അതിനുശേഷം മതിയായ തെളിവില്ലെന്ന അഭാവത്തില്‍ സുനുവിനെ പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.
തൃക്കാക്കരയിലെ വീട്ടില്‍വച്ചും കടവന്ത്രയില്‍ വെച്ചും സി ഐ ഉൾപ്പെടെയുള്ളവർ തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. പക്ഷെ യുവതി നൽകിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കേസിലാകെ പത്ത് പ്രതികളാണുള്ളത്.