ഹവാല പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ പോലീസ് ഉദ്യോഗസ്ഥർ മുക്കി; ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ

single-img
4 October 2024

കാസർകോട്ടെ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ രം​ഗത്ത്. ജില്ലയിൽ പൊലീസ് പിടികൂടിയ ഹവാല പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയത് .

കഴിഞ്ഞ വർഷം ഓഗസ്റ്റ് 25ന് ഹൊസ്ദുർഗ് പൊലീസ് നടത്തിയ പരിശോധനയിൽ അണങ്കൂർ ബദരിയ ഹൗസിൽ ബി എം ഇബ്രാഹിമിൽ നിന്ന് ഏഴ് ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. പോലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്നറിയില്ലെന്നും എംഎൽഎ പറഞ്ഞു.

അതേസമയം, താൻ നിയമവിരുദ്ധമായല്ല പണം സൂക്ഷിച്ചതെന്നാണ് കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിം പറയുന്നത്. ഈ കാര്യം തെളിയിക്കാനുള്ള രേഖകളും കയ്യിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.