പോലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് പ്രവര്‍ത്തകര്‍ ചെയ്തത്; പോലീസ് പ്രവർത്തകരുടെ തല തല്ലിപ്പൊട്ടിച്ചു: പികെ ഫിറോസ്
സംസ്ഥാന സർക്കാരിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്തെത്തി.
പൊലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് പ്രവര്‍ത്തകര്‍ ചെയ്തതെന്നും ഭിന്നശേഷിക്കാരനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പേലും മര്‍ദ്ദിച്ചെന്നും പ്രവർത്തകരുടെ തല പോലീസ് തല്ലിപ്പൊട്ടിച്ചുവെന്നും ഫിറോസ് ആരോപിച്ചു.
പോലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു. അതേസമയം, പോലീസ് വെച്ച ബാരിക്കേഡുകൾ യൂത്ത് ലീഗുകാർ മറികടക്കാൻ ശ്രമിക്കുകയും പോലീസിന് നേരെ കല്ലും കുപ്പിയും വലിച്ചെറിയുകയും ചെയ്തതോടെയാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതും ലാത്തി വീശിയതും.
സംസ്ഥാനത്തെ അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.ഇന്ന് രാവിലെ 10ന് മ്യൂസിയം ജങ്ഷനിൽ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റിന് മുന്നിൽ റാലി അവസാനിച്ചു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.