സൈബർ ആക്രമണ പരാതി; അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു
സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു. തിരുവനന്തപുരം പൂജപ്പുര പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. അച്ചുവിന്റെ പരാതിയില്‍ സെക്രട്ടറിയേറ്റ് മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാറിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
സ്ത്രീത്വത്തെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ നന്ദകുമാറിനെതിരെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പൊലീസിനും വനിതാ കമ്മീഷനും സൈബര്‍ സെല്ലിനും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു. നേരത്തെ പരാതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അവരെങ്കിലും അധിക്ഷേപം പരിധിവിട്ടതോടെയാണ് നടപടികളിലേക്ക് കടന്നത്.
മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരായാണ് അച്ചു ഉമ്മന്റെ പരാതി. കേസെടുത്തതിന് പിന്നാലെ നന്ദകുമാര്‍ തന്റെ ഫെയ്‌സ്ബുക് പ്രൊഫൈലില്‍ തന്നെ ക്ഷമാപണം നടത്തി പോസ്റ്റിട്ടിരുന്നു.
‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ ഇട്ട കമന്റ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് അപമാനമായി പോയതില്‍ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു’ – എന്നാണ് നന്ദകുമാര്‍ ഫെയ്‌സ്ബുക്കില്‍ പിന്നീട് എഴുതിയത്.