വീട്ടുജോലിക്കാരനെ തല്ലിയെന്ന് പരാതി; നടി പാർവതി നായർക്കെതിരെ പൊലീസ് കേസെടുത്തു

single-img
22 September 2024

വീട്ടുജോലിക്കാരനെ തല്ലി എന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി 2022ൽ പാർവതി നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. ആ സമയം വീട്ടിൽ ജോലിക്കുനിന്ന സുഭാഷ് ചന്ദ്രബോസിനെ സംശയമുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത് .

അതിനുശേഷം , നടിയും സഹായികളും തന്നെ മർദിച്ചെന്ന് പറഞ്ഞ് സുഭാഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് സുഭാഷ് കോടതിയിൽ ഹർജി നൽകുകയും കോടതി നിർദേശ പ്രാകാരം പാർവതിക്കും ഏഴുപേർക്കുമെതിരെ പോലീസ് കേസെടുക്കുകയുമായിരുന്നു.

അതേസമയം, തന്റെ വീട്ടിൽനിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്ടോപ്പും കാണാതായെന്നും ജോലിക്കാരനായ സുഭാഷിനെ സംശയമുണ്ടെന്നുമായിരുന്നു നടിയുടെ പരാതി. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സുഭാഷും പരാതി നൽകിയത്.

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച നടി, നഷ്ടമായ പണം വീണ്ടെടുക്കാനാണ് പരാതി നൽകിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. മോഷണം നടന്ന ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നടി പറയുന്നു.