കൈവെട്ട് പരാമർശത്തിൽ സത്താർ പന്തല്ലൂരിനെതിരെ പോലീസ് കേസെടുത്തു

single-img
14 January 2024

വിവാദമായ കൈവെട്ട് പരാമർശം നടത്തിയതിൽ എസ്കെഎസ്‍എസ്എഫ് നേതാവായ സത്താർ പന്തല്ലൂരിനെതിരെ ഐപിസി 153 വകുപ്പ് പ്രകാരം മലപ്പുറം പോലീസ് കേസെടുത്തു . അഷ്റഫ് കളത്തിങ്ങൽ നൽകിയ പരാതിയിലാണ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തത്. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകരുണ്ടാകും എന്നായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം.

മലപ്പുറത്തു നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു ഈ വിവാദ പരാമർശം നടത്തിയത്. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു . പിന്നാലെ പരാമർശത്തിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

തുടർന്ന് സത്താർ പന്തല്ലൂരിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി രം​ഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി വ്യക്തമാക്കുകയും ചെയ്തു.