വനത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കയെ പൊലീസ് രക്ഷിച്ചു; കൈവശം യുഎസ് പാസ്പോർട്ടിന്റെ പകർപ്പ്


മഹാരാഷ്ട്രയിൽ വനത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കയെ പൊലീസ് രക്ഷിച്ചു. ഇവരുടെ പക്കൽ യുഎസ് പാസ്പോർട്ടിന്റെ പകർപ്പുണ്ടായിരുന്നു. സംസ്ഥാനത്തെ സിന്ധുദുർഗ് ജില്ലയിലെ വനത്തിനുള്ളിലെ സോനുർലി ഗ്രാമത്തിൽ നിന്നാണ് 50 വയസുകാരിയായ സ്ത്രീയെ പൊലീസ് രക്ഷിച്ചത്.
ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ തമിഴ്നാട് വിലാസത്തിലുള്ള ഒരു ആധാർ കാർഡ് ലഭിക്കുകയും ചെയ്തു . തീർത്തും അവശനിലയിലായിരുന്ന ഇവരെ ആദ്യം സിന്ധുദുർഗിലെ ആശുപത്രിയിലും പിന്നീട് ഗോവയിലെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നിലവിൽ സ്ത്രീ അപകടനില തരണം ചെയ്തതായ ഡോക്ടർമാർ അറിയിച്ചു.
മുംബൈയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള സോനുർലി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് വനത്തിനുള്ളിൽ പ്രദേശവാസിയായ ഇടയൻ സ്ത്രീയുടെ കരച്ചിൽ കേട്ടത്. ചങ്ങലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മാനസിക നില തെറ്റിയ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയതെന്ന് പറയുന്നു.
കൈവശമുള്ള രേഖകളിൽ നിന്ന് ലളിത കായി എന്നാണ് ഇവരുടെ പേരെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ത്രീയുടെ കൈവശമുണ്ടായിരുന്ന യുഎസ് പാസ്പോർട്ടിൽ നിന്ന് പത്തു വർഷം മുൻപാണ് അവർ ഇന്ത്യയിലെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വീസ കാലാവധി കഴിഞ്ഞതായും അധികൃതർ അറിയിച്ചു. മാനസിക പ്രശ്‌നങ്ങളാൽ നേരിടുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ ലളിത കായിയുടെ പൗരത്വം ഉറപ്പാക്കുന്നതിനായി ലഭിച്ച രേഖകളെല്ലാം പരിശോധിച്ചുവരികയാണ് പൊലീസ്. ഇതിന് ശേഷം ഫോറിനേഴ്‌സ് റീജിയനൽ രജിസ്‌ട്രേഷൻ ഓഫിസുമായി ബന്ധപ്പെടാനാണ് അധികൃതരുടെ നീക്കം. ചോദ്യങ്ങൾക്കൊന്നും കൃത്യമായി മറുപടി പറയാൻ ലളിതയ്ക്ക് കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുടെ ഭർത്താവ് ഇവരെ കെട്ടിയിട്ട് ഓടിപ്പോയിരിക്കാമെന്നാണ് നിഗമനം.