അനുജയുടെയും ഹാഷിമിന്റെയും വാട്സാപ്പ് ചാറ്റുകൾ വീണ്ടെടുക്കാൻ പോലീസ്
അടൂർ വാഹനാപകടത്തിന്റെ ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസ് ഒരുങ്ങുന്നു . അനുജയും ഹാഷിമും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് അറിയില്ലെന്ന് ഹാഷിമിന്റെ ബന്ധുക്കൾ ആവർത്തിക്കുമ്പോൾ യുവതിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഇയാൾ എന്തിന് മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റി എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. നിലവിൽ ശാസ്ത്രീയ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
ഇതിന്റെ ഭാഗമായി ഇരുവരുടെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചു. അപകട സമയം ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് ശ്രമം. അപകടം ഉണ്ടാകും മുൻപ് അനുജ അവസാനമായി സംസാരിച്ച തുമ്പമൺ സ്കൂളിലെ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
ഒരു യാത്രയ്ക്കിടെയാണ് ഇവര്‍ പരിചയത്തിലാകുന്നത്. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ഹാഷിം. ഇയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ അനുജ പരിചിതയാണ്. ഇപ്പോൾ ഈ രീതിയിൽ അപകടം സൃഷ്ടിക്കാനുള്ള കാരണം വ്യാഴാഴ്ചയോ അല്ലെങ്കില്‍ അതിനോട് അടുത്ത ദിവസങ്ങളിലോ ഉണ്ടായിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അപകടത്തിന് മുൻപായി കാര്‍ യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ പിടിവലികള്‍ നടന്നിട്ടുണ്ടാകാനുള്ള സാധ്യത, ദൃക്‌സാക്ഷിയുടെ വിവരണത്തില്‍ കൂടി പുറത്തുവന്നിട്ടുണ്ട്.