കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ചവരെ തേടി പൊലീസ് അഹമ്മദാബാദിലേക്ക്
കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ചവരെ തേടി പൊലീസ് അഹമ്മദാബാദിലേക്ക്. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് പിടിയിലായ നാല് ഇറ്റാലിയന്‍ സ്വദേശികളെ ചോദ്യം ചെയ്യാനാണ് പൊലീസ് പോകുന്നത്.
ഇവര്‍ തന്നെയാകും കൊച്ചി മെട്രോയിലും ഗ്രാഫിറ്റി വരച്ചതെന്നാണ് കരുതുന്നത്.
അഹമ്മദാബാദ് മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അപാരല്‍ മെട്രോ പാര്‍ക്ക് സ്റ്റേഷന്റെ ഉള്ളില്‍ കടന്ന് ചിത്രം വരച്ചത്. റെയില്‍വെ ഗൂണ്‍സ് എന്ന സംഘമാണ് ചിത്രം വരച്ചതെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. ഈ സംഘത്തില്‍ പെട്ട നാല് ഇറ്റാലിയന്‍ സ്വദേശികളെയാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.
പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും അതിക്രമിച്ചു കയറി ചിത്രങ്ങള്‍ വരക്കുന്ന ‘ഗ്രാഫിറ്റി വാന്‍ഡലിസം’ ആഗോള തലത്തില്‍ തന്നെയുള്ളതാണ്. അതിക്രമിച്ചു കയറി ഞെട്ടിക്കുന്ന വേഗതയില്‍ ചിത്രങ്ങള്‍ വരച്ച് കടന്നു കളയുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്.
കൊച്ചിക്ക് പുറമെ ജയ്പൂരിലും മുംബൈയിലും ഡല്‍ഹിയിലും ഇതുപോലെ ഗ്രാഫിറ്റി വരച്ചിരുന്നു. ഇതിനെല്ലാം പിറകില്‍ ‘റെയില്‍വെ ഗൂണ്‍സ്’ എന്ന സംഘമാണെന്നാണ് കരുതുന്നത്.
കഴിഞ്ഞ മേയിലാണ് കൊച്ചി മെട്രോയുടെ മുട്ടം യാഡില്‍ ‘ബേണ്‍ സ്പ്ലാഷ്’ എന്ന പെയിന്റ് ചെയ്തതായി കണ്ടത്. ആരാണ് ഇതിന് പിറകിലെന്ന് ഇതുവരെ കണ്ടെത്താനായിരുന്നില്ല.