പോപ്പുലർ ഫ്രണ്ടിനു അഞ്ചു വർഷത്തേക്ക് നിരോധനം
ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. അഞ്ചുവർഷത്തേക്കാണ് നിരോധനം. നിരോധനം ഉടൻ നിലവിൽ വരും. പോപ്പുലർ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകൾക്കും നിരോധനമുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.
കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു കേന്ദ്ര ഏജൻസികളായ എൻ.ഐ.എ, ഇ.ഡി എന്നിവരുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസികളും നേതാക്കളുടെ വീടുകളിലുമായി റെയ്ഡ് നടത്തിയത്. റെയ്ഡിൽ സംഘടനയുടെ ദേശീയ നേതാക്കളടക്കം അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.
റെയ്ഡിനെ തുടർന്ന് ഹർത്താൽ അടക്കമുള്ള പ്രതിഷേധപരിപാടികൾ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസവും റെയ്ഡ് തുടർന്നു. ചൊവ്വാഴ്ച മാത്രം എട്ട് സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡിൽ 250-ഓളം പ്രവർത്തകർ അറസ്റ്റിലായിരുന്നു.