പോപ്പുലർ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഒഎംഎ സലാമിനെ കെഎസ്ഇബിയിൽ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു സലാം.
സംഘടന കേന്ദ്ര സർക്കാരിനാൽ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി.മാത്രമല്ല, പിഎഫ്‌ഐയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തിയതും സർവീസ് ചട്ടം ലംഘിച്ചതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ 2020 ഡിസംബർ 14 മുതൽ സലാം സസ്‌പെൻഷനിലായിരുന്നു. നിലവിൽ സലാം എൻഐഎയുടെ കസ്റ്റഡിയിലാണ്.
ഇതോടൊപ്പം തന്നെ സലാമിനെതിരെ വിജിലൻസ് അന്വേഷണവും നടന്നുവരികയായിരുന്നു. സർക്കാരിന് കീഴിലുള്ള സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഓഗസ്റ്റിൽ സലാമിന് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. ഈ നടപടിക്കെതിരെ ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധി സമ്പാദിക്കാനായിരുന്നില്ല.