പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമങ്ങൾ; കേരളത്തിൽ പിടിയിലായത് 220ലേറെ സമരാനുകൂലികൾ
പോപ്പുലർ ഫ്രണ്ട് ഇന്ന് ആഹ്വാനം ചെയ്ത് ഹർത്താലിൽ കേരളത്തിൽ നടന്നത് വ്യാപക അക്രമം. ഹർത്താലുമായി ബന്ധപ്പെട്ട് 220ലേറെ സമരാനുകൂലികൾ പൊലീസ് പിടിയിലായി. കോട്ടയം, മലപ്പുറം ജില്ലകളിൽ നിന്നാണ് കൂടുതൽ അറസ്റ്റ്. 110പേര് കോട്ടയത്തു പിടിയിലായപ്പോൾ കണ്ണൂരിൽ 45, കാസർകോച്ച് 34, എറണാകുളം 14 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.
അക്രമങ്ങളിൽ പങ്കെടുത്തതിന് പിടിയിലായവരും കരുതൽ തടങ്കലിൽപെട്ടവരും ഉൾപ്പെടെയാണിത്. ഹർത്താലിൽ കണ്ണൂരിൽ കണ്ണൂർ നഗരത്തിൽ തിരക്കേറിയ മിൽമാ ടീ സ്‌റ്റാൾ ഹർത്താൽ അനുകൂലി എത്തി അടിച്ചുതകർത്തു. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ സംഘത്തിൽ നിന്നും ഒരാൾ കടയുടെ അടുത്തേയ്‌ക്ക് എത്തി കമ്പി കൊണ്ട് ആഹാരസാധനങ്ങൾ വച്ച അലമാര അടിച്ചുതകർത്തത്. കണ്ണൂരിലെ തന്നെ മട്ടന്നൂരിൽ പാലോട്ട് പളളിയിലും അക്രമമുണ്ടായി. ലോറിയുടെ നേരെ ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു. കല്യാശ്ശേരിയിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പെട്രോൾ ബോംബുമായി പൊലീസ് പിടികൂടി.