ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍; കനത്ത സുരക്ഷയൊരുക്കി പോലീസ്

single-img
23 September 2022

തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.

ദേശീയ-സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം ആരോപിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്‌എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്‍റെ ഭരണകൂട വേട്ടക്കെതിരെയാണ് ഇന്ന് നടക്കുന്ന ഹര്‍ത്താലെന്നാണ് പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിവധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് ഓഫീസിസുകളിലും നേതാക്കളുടെ വീട്ടിലുമായി എന്‍ഐഎ റെയ്ഡ് നടത്തിയത്. രണ്ടു കേസുകളിലായി 19 പേര്‍ കേരളത്തില്‍ മാത്രം അറസ്റ്റിലായിട്ടുണ്ട്. തമിഴ്നാട്ടില്‍ 11 പേരും കര്‍ണാടകയില്‍ ഏഴ് പേരും ആന്ധ്രയില്‍ നാല് പേരും രാജസ്ഥാനില്‍ രണ്ട് പേരും അറസ്റ്റിലായി. കേരളത്തിലാണ് കൂടുതല്‍ അറസ്റ്റ്. കേരളത്തില്‍ അറസ്റ്റിലായ ചിലരെ ദില്ലിയില്‍ എത്തിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം അടക്കം മുതി‍ര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എന്‍ഐഎ യൂണിറ്റ് ആണ് രേഖപ്പെടുത്തിയത്. ഇവരെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ഇന്ന് നടന്ന പരിശോധനകളില്‍ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ഒഎംഎ സലാം ദേശീയ പ്രസിഡന്‍റ് (മലപ്പുറം), സൈനുദ്ദീന്‍ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീന്‍ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീര്‍ സ്റ്റേറ്റ് പ്രസിഡന്‍റ്, (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീന്‍ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുല്‍ റഹ്മാന്‍ കളമശ്ശേരി ദേശീയ വൈസ് പ്രസിഡണ്ട്, മുഹമ്മദലി ജിന്ന തമിഴ്നാട്സ്വദേശി, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തുനിന്നും പിടികൂടി.

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എന്‍ഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചില്‍ നടത്തുന്നത്. പുലര്‍ച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിനെ മ‍‌ഞ്ചേരിയിലെ വീട്ടില്‍ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകര്‍ ഐ എസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്തെന്നാണ് എന്‍ ഐ എ വ്യക്തമാക്കുന്നത്. പ്രതികള്‍ ഐ എസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്തു, ദേശവിരുദ്ധ പ്രവര്‍ത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തില്‍ പങ്കാളികളായെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചു.