പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍

single-img
28 September 2022

കൊല്ലം: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍.

കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററില്‍ നിന്നാണ് എന്‍.ഐ.എയും കേരള പൊലീസും അടങ്ങുന്ന സംഘം കസ്റ്റഡിയിലെടുത്തത്. ജില്ലക്കു പുറത്തായിരുന്ന സത്താര്‍ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററില്‍ മടങ്ങിയെത്തിയത്.

രാവിലെ പോപുലര്‍ ഫ്രണ്ട് നിരോധത്തെ കുറിച്ച്‌ പ്രതികരിച്ച അബ്ദുല്‍ സത്താര്‍, കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു. നിയമനടപടികള്‍ സ്വീകരിക്കാനായി ഉടന്‍ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അധികൃതര്‍ നടത്തിയ റെയ്ഡില്‍ പൂര്‍ണമായി സഹകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാജ്യത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ പ്രവര്‍ത്തനം നിരോധിച്ചുള്ള വിജ്ഞാപനം ഇന്ന് രാവിലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്), കാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്‌.ആര്‍.ഒ), നാഷനല്‍ വുമന്‍സ് ഫ്രണ്ട് , ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍, കേരള എന്നീ പോപുലര്‍ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.

രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലര്‍ച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭീകരപ്രവര്‍ത്തനത്തില്‍ നേരിട്ട് ബന്ധം, ഫണ്ട് സ്വരൂപണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നിരോധനത്തിനായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

2006 നവംബര്‍ 22നാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സ്ഥാപിച്ചത്. കേരളത്തിലെ എന്‍.ഡി.എഫ്, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി, തമിഴ്നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്ത ദേശീയ സംഘടനയാണ് പി.എഫ്.ഐ.

ആന്ധ്രപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ഗോവയിലെ സിറ്റിസണ്‍സ് ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ്‌ എഡ്യൂക്കേഷണല്‍ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക്‌ അധികാര്‍ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യല്‍ ഫോറം എന്നിവയും പോപുലര്‍ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.