ഭീകരബന്ധത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ല; ഒറ്റക്കായിരുന്നോ ആക്രമണം നടത്തിയതെന്ന് പരിശോധിക്കുന്നു: ഡിജിപി

single-img
6 April 2023

ട്രെയിന്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് ഡി.ജി.പി. അനില്‍ കാന്ത്. ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം വിശദമായ ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കുമെന്നും ഡിജിപി അനില്‍കാന്ത് കൂട്ടിച്ചേർത്തു.

പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. പ്രതി ഷാറൂഖ് സെയ്ഫിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് അന്വേഷിച്ചു വരികയാണ്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും പറയാനാകില്ലെന്നും ഡിജിപി അനില്‍കാന്ത് പറഞ്ഞു.

സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്. കേരളത്തിലെ പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര ഏജന്‍സികള്‍, മഹാരാഷ്ട്ര പൊലീസ് തുടങ്ങിയവ സംയുക്തമായി നടത്തിയ നീക്കമാണ്. പ്രതിയെക്കുറിച്ച് നിരവധി സൂചനകള്‍ കിട്ടി. അതനുസരിച്ച് മുന്നോട്ടുപോകാനായി. വളരെ പെട്ടെന്നു തന്നെ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ട് എന്നും ഡിജിപി അനില്‍കാന്ത് പറഞ്ഞു.

അതേസമയം ഷാറൂഖ് സെയ്ഫിക്ക് വിശദമെഡിക്കല്‍ പരിശോധന തുടരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധന നടത്തും. ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യലുണ്ടാകുക.