ആഴക്കടലിൽ ഇന്ധന സാന്നിധ്യ സാധ്യത; കൊല്ലം മുതൽ കന്യാകുമാരി വരെ പര്യവേഷണം നടത്തും
കേരളാ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ആഴക്കടലിൽ ഇന്ധന സാന്നിധ്യം ഉണ്ടാക്കാമെന്ന സാധ്യതയെ തുടർന്ന് പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലുള്ള പര്യവേഷണം രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് വിവരം.
പ്രധാനമായും ദ്രവ, വാതക ഇന്ധനങ്ങളുടെ സാന്നിദ്ധ്യം തേടിയാണ് പര്യവേക്ഷണം. ഇതിനായി വലിയ കപ്പലുകളും ടഗുകളും ഉപയോഗിച്ച് ഏകദേശം രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. സമുദ്രത്തിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം.
നേരത്തെ രണ്ട് വർഷം മുമ്പ് കൊല്ലം മുതൽ ആലപ്പുഴ വരെയുള്ള ഭാഗത്തെ ആഴക്കടലിൽ ഇന്ധന പര്യവേഷണം നടത്തിയിരുന്നു. ഇപ്പോൾ കൊല്ലം മുതൽ കന്യാകുമാരി വരെയുള്ള ഭാഗത്താണ് പര്യവേഷണം നടത്തുന്നത്. ഗവേഷണങ്ങൾ നടത്തുന്ന കപ്പലിലും ടഗിലും ഇന്ധനം നിറയ്ക്കുന്നത് കൊല്ലം പോർട്ടിലാണ്. പഠനങ്ങൾക്കും പര്യവേഷണത്തിനും നാവികസേനയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്.