തത്ക്കാലം വൈദ്യുതി നിയന്ത്രണമില്ലെന്നും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി


തിരുവനന്തപുരം: തത്ക്കാലം വൈദ്യുതി നിയന്ത്രണമില്ലെന്നും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദ്ദേശമെന്നും മന്ത്രി പറഞ്ഞു. ജനം സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാനാകും. അധിക വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ തീരുമാനം മറ്റന്നാൾ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഴ തുടങ്ങുന്നതോടെ വൈദ്യുതി ഉത്പാദനത്തിന് അനുകൂല അന്തരീക്ഷം വരും. അതിനാൽ തൽക്കാലം ലോഡ് ഷെഡിംഗ് വേണ്ടിവരില്ലെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബിയും ആവശ്യപ്പെട്ടിരുന്നു. മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവും കണക്കിലെടുത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.
വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യർഥിന. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ മാന്യ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരാനാണ് തീരുമാനം. സെപ്റ്റംബർ നാലിനാണ് അടുത്ത അവലോകനയോഗം. അന്നാണ് കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടർ തുറക്കുന്നത്.
സ്മാർട്ട് മീറ്റർ പദ്ധതിക്കായുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കും. സിപിഎം എടുത്ത രാഷ്ട്രീയതീരുമാന പ്രകാരമാണിത്. പകരം ബദൽ സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാൻ മുഖ്യമന്ത്രി കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ ആണ് സർ ചാർജ് ഈടാക്കുന്നത്. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക.