കർശന വ്യവസ്ഥകൾ; എന്‍ഒസി കിട്ടിയതിന് ശേഷവും പി പി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പക

single-img
21 October 2024

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു . പെട്രോള്‍ പമ്പിനായുള്ള എന്‍ഒസി ലഭിച്ച ശേഷവും പി പി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയുണ്ടാകാനുള്ള കാരണം എന്‍ഒസിയിൽ ഉൾപ്പെടുത്തിയിരുന്നു വ്യവസ്ഥകളെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

പോലീസ് റിപ്പോർട്ട് എതിരായതിനാൽ ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ് തുടങ്ങാന്‍ തന്നെ തടസമായേക്കുമെന്നതാണ് പ്രതികാരം കൂടാന്‍ കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നു.

പോലീസിൽ നിന്നുള്ള റിപ്പോര്‍ട്ട് എതിരായപ്പോൾ തന്നെ പമ്പ് തുടങ്ങാനുള്ള അപേക്ഷ നവീന്‍ ബാബുവിന് തള്ളാമായിരുന്നു. പക്ഷെ ശക്തമായ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് നിബന്ധനകളോടെയുള്ള എന്‍ഒസി നവീന്‍ ബാബു നല്‍കിയതെന്നാണ് വിവരം. എഡിഎം എന്‍ഒസി നല്‍കുന്നത് പെട്രോളിയം കമ്പനിക്കാണ് പക്ഷെ നിബന്ധനകളിൽ പെട്രോളിയം കമ്പനി പിന്മാറാന്‍ സാധ്യതയുണ്ട്. അതുതന്നെയാണ് എന്‍ഒസി കിട്ടിയിട്ടും ഉള്ള പകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കണ്ണൂരിൽ ചാർജ്ജെടുത്ത ജനുവരിക്ക് ശേഷം നവീന്‍ ബാബുവിന്റെ മുന്നില്‍ 9 എന്‍ഒസി അപേക്ഷകള്‍ ലഭിച്ചിരുന്നു. അവയിൽ ഒരു എന്‍ഒസി അപേക്ഷ അദ്ദേഹം തള്ളി. ഒരു വകുപ്പിന്റെ റിപ്പോര്‍ട്ട് എതിരായതാണ് അപേക്ഷ തള്ളാന്‍ കാരണം. പ്രശാന്തിന്റെ എന്‍ഒസിയും നവീന്‍ ബാബുവിന് തള്ളാമായിരുന്നു. പക്ഷെ പി പി ദിവ്യ പല തവണ വിളിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതോടെ എന്‍ഒസി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.