പിപി ദിവ്യയുടെ അറസ്റ്റ്; പുതിയ കാര്യമല്ലല്ലോ എന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ
എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയതില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . അറസ്റ്റ് രേഖപ്പെടുത്തിയത് പുതിയൊരു കാര്യമല്ലല്ലോയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ വിഷയത്തിൽ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ന് പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയത് പാർട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് മൊത്തം പഴി കേള്‍ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്.
അങ്ങിനെ ചെയ്തില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാകുമെന്നും ദിവ്യയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ദിവ്യ പൊലീസിന് മുമ്പിലെത്തിയത്. മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെതിരെ അപ്പീലിന് പോകാനായിരുന്നു ദിവ്യയുടെ ആദ്യ ശ്രമം. എന്നാല്‍ അപ്പീലിന് പോയാല്‍ കാലതാമസമുണ്ടാകുമെന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കി.
ഉടൻ നടക്കാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മാധ്യമ-പൊതുജന സമ്മര്‍ദ്ദം ചെറുതല്ലെന്നും ദിവ്യയെ പാര്‍ട്ടി ധരിപ്പിച്ചു. ഇതോടെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് മനസിലാക്കിയ ദിവ്യ കീഴടങ്ങുകയായിരുന്നു.