മുഖത്തിന്റെ പാതി നിറഞ്ഞ വലിയ കറുത്ത മറുകിലൂടെ സുപരിചിതമായ പ്രഭുലാല്‍ ഇനി ഓർമ
മുഖത്തിന്റെ പാതിയോളം നിറഞ്ഞ കറുത്ത മറുകിലൂടെ എല്ലാവർക്കും സുപരിചിതനായ പ്രഭുലാൽ ഇനി ഓർമ്മ. അടുത്തിടെ അര്‍ബുദ ബാധിതനുമായ പ്രഭുലാല്‍ പ്രസന്നന്‍ സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. മാലിഗ്‌നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ബാധിതനായിരുന്നു പ്രഭുലാല്‍.
ലോകത്തിൽ 10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗമാണിത്. അടുത്ത കാലത്തായി വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറഞ്ഞിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി മൂന്ന് സര്‍ജറികള്‍ ചെയ്‌തെങ്കിലും മുഴ പുറത്തേക്ക് വരികയും വലതുകൈയുടെ സ്വാധീനം നഷ്ടപ്പെടുകയുമായിരുന്നു.
എം.വി.ആര്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടത്തിയ പരിശോധനകളിലാണ് മാലിഗ്നന്റ് മെലോമയാണെന്ന് തിരിച്ചറിഞ്ഞത്. സുമനസ്സുകളുകളുടെ സഹായത്തോടെ ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ തുടരുന്നതിനിടെയാണ് പ്രഭുലാല്‍ മരണത്തിന് കീഴടങ്ങിയത്.
നേരത്തെ തന്നെ പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും മികവ് തെളിയിക്കാന്‍ പ്രഭു ലാലിന് കഴിഞ്ഞിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ 70% മാര്‍ക്കോടെയാണ് പാസായത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പ്രഭുലാല്‍ പങ്കാളിയായിട്ടുണ്ട്.