തീ തുപ്പുന്ന ബൈക്കിൽ അഭ്യാസ പ്രകടനം; യുവാവിനെ കണ്ടെത്തി എംവിഡി കേസെടുത്തു


കൊച്ചി നഗരത്തിൽ തീ തുപ്പുന്ന ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ ഒടുവിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ കിരൺ ജ്യോതിയെന്ന യുവാവാണ് KL 01 CT 6680 രജിസ്ട്രേഷൻ ബൈക്കിലുണ്ടായിരുന്നത്. ഇയാൾക്കെതിരെ എംവിഡി കേസെടുത്തു.
തമിഴ്‌നാട്ടിലെ ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയാണ് യുവാവ്. വാഹനത്തിന്റെ രജിസ്ട്രേഷൻ അച്ഛന്റെ പേരിലാണ്. ഈ സാഹചര്യത്തിൽ അച്ഛനോടും വ്യാഴാഴ്ച ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയതായി എംവിഡി അറിയിച്ചു.
കൊച്ചി നഗരത്തിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവമുണ്ടായത്. പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ പകർത്തിയത്. അപകടം ക്ഷണിച്ചു വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും യുവാവിനെ കണ്ടെത്തിയ ശേഷം വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.