പവിത്രമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു ; മലയാളത്തില്‍ എക്‌സില്‍ എഴുതി നരേന്ദ്രമോദി
പവിത്രമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താൻ പ്രാര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യൽ മീഡിയയായ എക്‌സില്‍ കുറിച്ചു. മലയാളത്തിലായിരുന്നു മോദിയുടെ കുറിപ്പ്. ക്ഷേത്രത്തിന്റെ ദിവ്യമായ ഊര്‍ജം അളവറ്റതാണ്. എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാന്‍ പ്രാര്‍ഥിച്ചതായും മോദി പറഞ്ഞു.
ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമര്‍പ്പിച്ചു. കേരളീയ വേഷത്തില്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് പൊഫ.വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനാണ് മോദി ഗുരുവായൂരിലെത്തിയത്.
കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തിയത്. ഗുരുവായൂരില്‍ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരില്‍ ഏര്‍പ്പെടുത്തിയത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹശേഷം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. പിന്നീട് 12 മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തിയ മോദി ഷിപ്പ്യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത മോദി ഇന്ന് തന്നെ ഡല്‍ഹിയിലേക്ക് മടങ്ങും.