ജയിലുകളിൽ വിശുദ്ധ കുർബാനയർപ്പിക്കാൻ അനുവദിക്കും; ജയിൽ മേധാവിയുടെ ഉത്തരവ് മരവിപ്പിച്ചു
ജയിലുകളിൽ പുറത്തുനിന്ന് എത്തുന്നവരുടെ മതപഠന, ആത്മീയ ക്ലാസുകൾ വേണ്ടെന്ന ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ വിവാദ ഉത്തരവ് മരവിപ്പിച്ചു. കെ.സി.ബി.സി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഉത്തരവ് തൽക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്.
ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ ഉത്തരവിറക്കിയത്. ഇത് പ്രകാരം പ്രാർഥനകൾ, കൗൺസിലിങ് എന്നിവയ്ക്കായി സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കിയിരുന്നു. ഉത്തരവിനെതിരെ ക്രൈസ്തവ സഭകളുൾപ്പെടെ പരസ്യപ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിലാണ് കർദിനാൾ മാർബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചർച്ച ചെയ്തത്.
ഇതോടെ സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികള്‍ക്കായുള്ള വിശുദ്ധ കുർബാനയര്‍പ്പണം ഉള്‍പ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ വിലക്കിയിട്ടില്ലെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ നിലപാട് മാറ്റി. അപേക്ഷ സമർപ്പിച്ചാൽ തടവുകാർക്കായി വിശുദ്ധ കുർബാനയർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾക്ക് അനുമതി നൽകാമെന്നും, അപേക്ഷ നൽകുന്ന മുറയ്ക്ക് വിവിധ ജയിലുകളിൽ പെസഹാ, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിലെ ആത്മീയ ശുശ്രൂഷകൾക്ക് സമയം അനുവദിക്കുമെന്നും ജയിൽ ഡിജിപി പറഞ്ഞു.