ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങളെ തള്ളി കുടുംബം; ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍


കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങളെ തള്ളി ഉമ്മന്‍ചാണ്ടിയുടെ കുടുംബം. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ഓര്‍ത്തഡോക്സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ ആളുകള്‍ പ്രാര്‍ഥിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്നും ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം എന്ന നിലയില്‍ തന്നെ കണ്ടാല്‍ മതിയെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെയും നിലപാട്.
വാഴ്ത്തു പാട്ടുകളും,മെഴുകുതിരി കൊളുത്തിയുളള പ്രാര്‍ഥനകളും,മധ്യസ്ഥത അപേക്ഷകളും ആവര്‍ത്തിക്കുകയാണ് പുതുപ്പളളി പളളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ ചില വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ വിമര്‍ശനങ്ങളോടാണ് മകന്‍ ചാണ്ടി ഉമ്മന്‍റെ പ്രതികരണം. കുടുംബം ഇടപെട്ട് ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിലെ പ്രാര്‍ഥനകളും മധ്യസ്ഥത അപേക്ഷകളും തടയണമെന്ന് നവമാധ്യമങ്ങളിലടക്കം ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ആരുടെയും വിശ്വാസത്തെ എതിര്‍ക്കാനില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു.