എം വി ഗോവിന്ദനും എ എൻ ഷംസീറും നടത്തിയ വാർത്താ സമ്മേളനം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി: പി കെ കൃഷ്ണദാസ്
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നിയമസഭാ സ്പീക്കർ എ എൻ ഷംസീറും നടത്തിയ വാർത്താ സമ്മേളനം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഹിന്ദുമതത്തിലെ വിശ്വാസങ്ങളെ തകർക്കാനാണ് ശ്രമം നടക്കുന്നത്.
ഹൈന്ദവ സമൂഹത്തെ ശാസ്ത്രം പഠിപ്പിക്കാൻ ഷംസീറും ഗോവിന്ദനും ആയിട്ടില്ലെന്നും ശബരിമലയിലെ വിഷയത്തിലേതിനെക്കാൾ വലിയ തിരച്ചടി സിപിഎമ്മിന് ലഭിക്കുമെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ ഹിഡൻ അജണ്ടയാണ് ഷംസീറിന്റെ പ്രസ്താവനയിലൂടെ പുറത്തു വന്നത്.
മാർക്സിസ്റ്റ് പാർട്ടി അവരുടെ നിലപാട് തിരുത്തുന്നില്ലെങ്കിൽ ഇവിടത്തെ ജനങ്ങൾ അവരെ കൊണ്ട് തിരുത്തിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ശാസ്ത്ര വിരുദ്ധ നിലപാട് കാട്ടിയത് സിപി എം ആണ്. ഷംസീറിന്റെ പ്രസംഗത്തിൽ ഇതുവരെ കോൺഗ്രസ് നേതൃത്വം മൗനം പാലിച്ചത് ആരയോ ഭയപ്പെട്ടിട്ടാണ്. വിഷയത്തിൽ ഷംസീറിനെതിരെ രംഗത്തു വന്നിരിക്കുന്ന ഹൈന്ദവ സംഘടനകൾക്കൊപ്പം ബിജെപി ഉണ്ടാകും. മറ്റ് മതസംഘടനകൾ കൂടി ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വരണം. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ആൾ പറയേണ്ട കാര്യമല്ല ഷംസീർ പറഞ്ഞതെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.