സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിൽ സമ്മര്‍ദം ചെലുത്തിയതിനാൽ കേരളത്തിന് വന്ദേഭാരത് ലഭിച്ചു: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
20 April 2023

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിൽ സമ്മര്‍ദം ശക്തമാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും വന്ദേഭാരത് കേരളത്തിന് ലഭിക്കുമായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ .നാലുര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തിന് ആര്‍ഹമായ ഈ ട്രെയിന്‍ ലഭിക്കുന്നത്.

സംസ്ഥാനത്തിന്റെ വികസനത്തില്‍ താത്പര്യമുള്ള സിപിഎം പൂര്‍ണ മനസോടെ വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നതായും എംവി ഗോവിന്ദന്‍ മാസ്റ്റർ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ റെയില്‍ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് വന്ദേഭാരത് എന്നവാദത്തോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. രാജ്യത്തെ ഒരു സംസ്ഥാനം എന്ന നിലയില്‍ വന്ദേഭാരത് ട്രെയിന്‍ ലഭിക്കേണ്ടത് കേരളത്തിന്റെ ന്യായമായ അവകാശമാണ്.

കേന്ദ്ര സർക്കാരിന്റെയോ , കേന്ദ്ര ഭരണകക്ഷിയുടെയോ ഔദാര്യമായി ലഭിക്കേണ്ടതല്ല ഈ ട്രെയിന്‍. ഫെഡറല്‍ സംവിധാനത്തിനോട് ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ് അത് കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും വന്ദേഭാരതിനെ അവതരിപ്പിക്കാന്‍ വിയര്‍ക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയില്‍ വന്ദേഭാരതിനുളള ശരാശരി വേഗം 83 കിലോമീറ്റര്‍ മാത്രമാണ്. അതുപോലും കേരളത്തില്‍ നേടാനായിട്ടില്ല.

ഇപ്പോൾ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എഴുമണിക്കൂര്‍ പത്തുമിനിറ്റ് കൊണ്ടാണ് വന്ദേഭാരത് ഓടിയെത്തിയത്. അതായത് രാജധാനിയെക്കാള്‍ 47 മിനിറ്റ് ലാഭം മാത്രമാണ് വന്ദേഭാരതിലൂടെ ലഭിക്കുന്നത്. ഇതിന് കാരണം അതിവേഗത്തില്‍ ഓടാന്‍ പറ്റുന്ന പാളമല്ല കേരളത്തിലുള്ളത് എന്നാണ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ 626 വളവുകള്‍ ഉണ്ട്. ഈ വളവുകള്‍ പുനക്രമീകരിക്കാന്‍ പത്തുവര്‍ഷം എടുക്കുമെന്നാണ് ഈ മേഖലയില്‍ അറിവുള്ളവര്‍ പറയുന്നത്. അരലക്ഷം കോടി രൂപയോളം ചെലവും വരും.

മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന വന്ദേഭാരത് 80-100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്നത് തനി വിഡ്ഢിത്തമാണെന്ന് ബിജെപി നേതാവായ ഇ ശ്രീധരന്‍ തന്നെ പറഞ്ഞതായും സിപിഎം പറയുന്നു.ഇന്നല്ലെങ്കില്‍ നാളെ ഈ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതമാകും.

രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക് മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന് തോന്നുകയുള്ളു. ഇക്കാര്യത്തില്‍ കേരളത്തിലെ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടാണ്. ദേശീയ പാതയും ഗെയില്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കിയ പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കുമെന്ന് എംവി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.