പുൽവാമ: പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രസർക്കാരിനെന്ന് മുൻ ആർമി ജനറൽ ശങ്കർ റോയ് ചൗധരി

single-img
17 April 2023

സിആർപിഎഫ് ജവാൻമാർ ശ്രീനഗറിലേക്ക് വിമാനമാർഗം യാത്ര ചെയ്തിരുന്നെങ്കിൽ പുൽവാമ കൂട്ടക്കൊല ഒഴിവാക്കാനാകുമായിരുന്നു എന്ന് രാജ്യത്തിന്റെ 18-ാമത് കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച ജനറൽ ശങ്കർ റോയ്‌ ചൗധരി. 2,500-ലധികം ഉദ്യോഗസ്ഥരെ വഹിക്കുന്ന 78 വാഹനങ്ങൾ ഉൾപ്പെടുന്ന ഇത്രയും വലിയ വാഹനവ്യൂഹം, പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു ഹൈവേ തെരഞ്ഞെടുക്കാൻ പാടില്ലായിരുന്നു എന്നും മുൻ സൈനിക മേധാവി പറഞ്ഞു.

പുൽവാമയിലെ ജീവഹാനിക്ക് പിന്നിലെ പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിലാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്തം എൻഎസ്എയ്ക്കും- ജനറൽ റോയ്‌ചൗധരി പറഞ്ഞു.

ബാലാകോട്ട് ആക്രമണം നടത്തിയ സൈനികർക്കും പുൽവാമ സൈനികർക്കും വേണ്ടി തങ്ങളുടെ വോട്ട് സമർപ്പിക്കാൻ മോദി വോട്ടർമാരോട് അഭ്യർത്ഥിച്ചതോടെ തിരഞ്ഞെടുപ്പ് വിഷയമായി മാറിയ ഈ കൂട്ടക്കൊല, അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയതിന് പിന്നാലെ വീണ്ടും വാർത്തകളിലേക്ക് ഉയർന്നു വരുകയായിരുന്നു. ജവാന്മാരുടെ മരണത്തിന് ഉത്തരവാദി കേന്ദ്രസർക്കാരിന്റെ സ്വന്തം വീഴ്ചയാണെന്ന് താൻ റിപ്പോർട്ട് ചെയ്തപ്പോൾ മോദി തന്നെ ” തും ചുപ് രഹോ ” എന്ന് പറഞ്ഞു നിശബ്ദനാക്കിയെന്നും അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് വെള്ളിയാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ജവാന്മാരെ കൊണ്ടുപോകാൻ വിമാനം വേണമെന്ന സിആർപിഎഫിന്റെ അഭ്യർത്ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചതായും ദി വയർ ജേണലിസ്റ്റ് കരൺ ഥാപ്പറിനോട് മാലിക് പറഞ്ഞു.