കേരളത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാന്‍ പ്രതിമ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി


തൃശൂരിലെ കേരളത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. പൂരത്തിന് ആശംസ നേർന്നാണ് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം തുടങ്ങിയത്.ജില്ലയുടെ കലാസാംസ്കാരിക പാരമ്പര്യം ശ്രദ്ധേയമാണെന്നും പൗരാണിക കാലത്തിന്റെ തനിമ അണിഞ്ഞുനിൽക്കുന്ന സീതാരാമസ്വാമി ക്ഷേത്രം കാണുമ്പോൾ ഏറെ ആഹ്ലാദം തോന്നുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായിട്ടാണ് തൃശൂർ അറിയപ്പെടുന്നതെന്നും സംസ്കാരം ഉണ്ടായാൽ അവിടെ പാരമ്പര്യവും ആത്മീയതയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സീതാരാമസ്വാമി ക്ഷേത്രത്തിന്റെ മുന്നിൽ 55 അടി ഉയരത്തിലാണ് ഹനുമാൻ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ 12 കോടി രൂപ ചെലവിൽ മൂന്ന് ശ്രീകോവിലുകൾ സ്വർണം പൊതിഞ്ഞിരുന്നു. 24 കാരറ്റ് സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. പുതുക്കിയ സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു.
ആന്ധ്രയിലെ നന്ദ്യാൽ ജില്ലയിലെ അല്ലഗഡയിൽ ശിൽപ്പി വി സുബ്രഹ്മണ്യം ആചാര്യയുടെ നേതൃത്വത്തിലാണ് ശിൽപം തയ്യാറാക്കിയിരിക്കുന്നത്. നാൽപ്പതോളം തൊഴിലാളികൾ ആറ് മാസത്തോളമെടുത്താണ് പ്രതിമയ്‌ക്ക് രൂപം നൽകിയത്.