ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന ഋഷി സുനകിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ആഗോളവിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കുറിച്ചാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്.
‘ആഗോള വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനും റോഡ്മാപ് 2030 നടപ്പാക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തത്തിലേക്ക് മാറുകയാണ്. ബ്രിട്ടണിലെ ഇന്ത്യാക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേരുന്നു’ എന്ന് അദ്ദേഹം ട്വീറ്റില്‍ അറിയിച്ചു.
എതിരാളി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് ഋഷി സുനകിന് എതിരാളികളില്ലാതെയായി. 190 എംപിമാരാണ് ഋഷി സുനകിനെ പിന്തുണച്ചത്. നൂറ് എംപിമാരുടെ പിന്തുണ പോലും നേടാന്‍ എതിരാളിയായ പെന്നി മോര്‍ഡന്റിന് സാധിച്ചില്ല. മത്സരത്തില്‍ പങ്കെടുക്കുന്നതിന് നൂറ് എംപിമാരുടെയെങ്കിലും പിന്തുണ നേടണം. ഇതിനെ തുടര്‍ന്ന് പെന്നി മോര്‍ഡന്റ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. വാണിജ്യ, വ്യവസായ, ആരോഗ്യ, സുരക്ഷാ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും ബ്രിട്ടനും സംയുക്തമായി പ്രഖ്യാപിച്ച പദ്ധതിയാണ് റോഡ്മാപ് 2030.