ജി 20 ഉച്ചക്കോടിയിൽ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 

single-img
3 September 2023

ദില്ലി: ജി 20 ഉച്ചക്കോടിയിൽ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി20 യോഗങ്ങൾ കശ്മീരിലും അരുണാചൽ പ്രദേശിലും നടത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചു. പാകിസ്ഥാനും ചൈനയും ഇതിനെ എതിർക്കേണ്ടതില്ലെന്നും ലോകത്തിലെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിയിലെ ചില നേട്ടങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജിഡിപി കേന്ദ്രീകൃത വളർച്ചയെക്കാൾ ലോകം മനുഷ്യകേന്ദ്രീകൃത വളർച്ചയിലേക്ക് മാറുന്നെന്നും സൈബർ കുറ്റകൃത്യങ്ങളെ ലോകം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദില്ലിയിൽ നടക്കുന്ന ജി20 യോഗത്തിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലി  രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയാണ്. യുക്രയിനെതിരായ റഷ്യൻ നിലപാട് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് അമേരിക്കയും ഫ്രാൻസും വ്യക്തമാക്കി. എന്നാൽ സമവായത്തിന് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഷെർപമാരുടെ യോഗത്തിൽ ശ്രമിക്കുമെന്നാണ് ഇന്ത്യ അറിയിച്ചത്.

ജി 20യിൽ യുക്രയിൻ സംഘർഷത്തിനുൾപ്പടെ പരിഹാരം കാണാൻ ശ്രമിക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിന് റഷ്യയും ചൈനയും സ്വീകരിക്കുന്ന കടുത്ത നിലപാട് തിരിച്ചടിയായിരിക്കുകയാണ്. ജി20 രാജ്യങ്ങളുടെ ഷെർപമാരുടെ മൂന്നു ദിവസത്തെ യോഗം ഹരിയാനയിലെ നൂഹിലെ ഐടിസി ഗ്രാൻറ് ഭാരത് ഹോട്ടലിൽ തുടങ്ങിയിട്ടുണ്ട്. അമിതാഭ് കാന്തിന്‍റെ  അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സമവായത്തിനുള്ള നീക്കം ഇന്ത്യ നടത്തും.