ഉത്തരകാശി തുരങ്ക രക്ഷാദൗത്യം തത്സമയം കണ്ട് പ്രധാനമന്ത്രി
ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിക്കുന്ന മുഴുവന്‍ നടപടികളും ടെലിവിഷനിലൂടെ തത്സമയം വീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രധാനമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിസഭയും രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചതിനു പിന്നാലെ പ്രധാനമന്ത്രി വികാരാധീനനായെന്നും വിവരമുണ്ട്.
രക്ഷാദൗത്യത്തിന്റെ അവസാനഘട്ടത്തിന്റെ അതേസമയം പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്ര മന്ത്രിസഭായോഗം ചേരുകയായിരുന്നു. രാത്രി എട്ട് മണിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചപ്പോള്‍ പ്രധാനമന്ത്രി വളരെ വികാരാധീനനായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 17 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെയും ഇന്നലെ രാത്രിയാണ് രക്ഷപ്പെടുത്തിയത്.
ആദ്യ തൊഴിലാളിയെ പുറത്തെത്തിച്ച് ഒരു മണിക്കൂറിനുള്ളിലാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. രക്ഷപ്പെടുത്തിയ ശേഷം തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ തുരങ്കത്തിനുള്ളില്‍ തന്നെ നല്‍കിയിരുന്നു. പിന്നീട് ഇവരെ ചിന്യാലിസൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ കിടക്കകളും മറ്റും പ്രത്യേകമായി ഒരുക്കിയിരുന്നു. കേന്ദ്രത്തിന്റെ ചാര്‍ ധാം പദ്ധതിയുടെ ഭാഗമായ സില്‍ക്യാര തുരങ്കം നവംബര്‍ 12 ന് ആണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്നത്. ഇതോടെ 41 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു.