പൊതുതാത്പര്യമില്ല; പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദം സ്വകാര്യ വിവരം; ഡല്‍ഹി ഹൈക്കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍

single-img
9 February 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിദ്യാഭ്യാസ യോഗ്യതയായ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഈ വിഷയത്തിൽ പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് നല്‍കിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

ഗുജറാത്ത് സര്‍വകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നല്‍കിയത് എന്നാണ് പറയപ്പെടുന്നത് . ഈ വിവരങ്ങള്‍ തേടി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചത്. തുടർന്ന് കേസില്‍ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ അരവിന്ദ് കെജ്രിവാളിന് നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

ഈ തീരുമാനത്തിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യത്തെ വിവരാവകാശ നിയമ പ്രകാരം പൊതുതാത്പര്യമില്ലാത്ത സ്വകാര്യ വിവരങ്ങള്‍ കൈമാറാനാകില്ല എന്നായിരുന്നു ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. മൂന്നാമതൊരാള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് പറഞ്ഞ സോളിസിറ്റര്‍ ജനറല്‍, അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ബാലിശമാണെന്നും കുറ്റപ്പെടുത്തി.