പ്രധാനമന്ത്രിയുടെ സന്ദർശനം; കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോ അടച്ചിടാൻ തീരുമാനം

single-img
22 April 2023

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം തമ്പാനൂർ ഡിപ്പോ അടച്ചിടാൻ തീരുമാനം. ഈ മാസം 25 ന് രാവിലെ 8 മുതൽ രാത്രി 11 വരെ ഡിപ്പോ പ്രവർത്തനം ഉണ്ടാകില്ല. കോംപ്ലക്‌സിലെ കടകൾക്കും പ്രവർത്തനാനുമതി ഇല്ല. സ്റ്റാൻഡിലെ പാർക്കിംഗ് എല്ലാം തലേ ദിവസം ഒഴിപ്പിക്കും.

ഇവിടെനിന്നുള്ള ബസ് സർവീസുകളെല്ലാം ഈ ദിവസങ്ങളിൽ വികാസ് ഭവനിൽനിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്ന് തലസ്ഥാനത്തു ചേർന്ന കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമായത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി അവലോകന യോഗം വിളിച്ചു. പ്രധാനമന്ത്രി കൊച്ചിയിലും തിരുവനന്തപുരത്തുമായി പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നത്. പ്രോട്ടോകോൾ ബ്ലൂ ബുക്ക് പ്രകാരമുള്ള രണ്ടാമത്തെ യോഗമാണ് ചേർന്നത്. പോലീസ് പറയുന്നത്ര ആളുകൾ റോഡ് ഷോയിൽ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മറ്റന്നാളാണ് നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്.