പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടും പോവാതിരുന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു: കെടി ജലീൽ
ദേശീയ ചലച്ചിത്ര അവാർഡിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിൻ്റെയും പേരുകൾ നീക്കം ചെയ്യാൻ ശുപാർശ ചെയ്ത സമിതിയിൽ കേരളത്തിൽ നിന്നുള്ള സംവിധായകൻ പ്രിയദർശൻ അംഗമായിരുന്നുവെന്നത് മലയാളി സമൂഹത്തിന് നാണക്കേടാണെന്ന് മുൻ മന്ത്രി കെടി ജലീൽ.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ വിമർശനം ഉന്നയിച്ചത് .ഫാസിസ്റ്റ് പ്രവണതകളെ എതിർക്കുന്നതിൽ കേരള രാഷ്ട്രീയവും കലാമേഖലയും മുൻപന്തിയിലാണ്. അത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് ‘വെട്ടിമാറ്റല്‍ സര്‍ജറിയില്‍’ ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. ആ ചതി തിരിച്ചറിഞ്ഞ് പ്രിയദർശൻ പിന്മാറാൻ ശ്രമിക്കണമായിരുന്നുവെന്നും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടും പോവാതിരുന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നുവെന്നും കെടി ജലീൽ പറഞ്ഞു.
കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
”ഇന്ദിരാഗാന്ധിയേയും നര്‍ഗീസ്ദത്തിനെയും വെട്ടിമാറ്റിയവരില്‍ പ്രിയദര്‍ശനും! ദേശീയ ഫിലിം അവാര്‍ഡുകളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ വെട്ടിമാറ്റാനുള്ള ശുപാര്‍ശ നല്‍കിയ കമ്മിറ്റിയില്‍ മലയാളിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി.
ഫാഷിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നതില്‍ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുന്‍പന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് ‘വെട്ടിമാറ്റല്‍ സര്‍ജറിയില്‍’ ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം.
ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നത് മലയാളികളില്‍ ഉണ്ടാക്കിയ അമര്‍ഷം ചെറുതല്ല. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നു. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പ്രിയദര്‍ശാ നീയും!”