ഉദയനിധിയുടെ പ്രസ്താവനയെ തെറ്റായി വാഖ്യാനം ചെയ്ത് കഥകൾ മെനഞ്ഞുണ്ടാക്കിയത് ബിജെപി അനുകൂല ശക്തികൾ: എം കെ സ്റ്റാലിൻ
സനാതന ധർമവുമായി ബന്ധപ്പെട്ട പരാമർശത്തില്‍ മന്ത്രിയായ മകൻ ഉദയനിധി സ്റ്റാലിനെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. “പട്ടികജാതി-, വർഗ വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമെതിരെ വിവേചനങ്ങൾ കാണിക്കുന്ന സനാതന ധർമം പ്രബോധനം ചെയ്യുന്ന മനുഷ്യത്വരഹിതമായ തത്വങ്ങളെക്കുറിച്ച് മാത്രമേ ഉദയനിധി സംസാരിച്ചിട്ടിട്ടുള്ളൂവെന്ന് സ്റ്റാലിൻ പറഞ്ഞു.
തന്റെ പ്രസ്താവനയിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താൻ ഉദയനിധി ശ്രമിച്ചിട്ടില്ല. ഉദയനിധി നടത്തിയ പ്രസ്താവനയെ തെറ്റായി വാഖ്യാനം ചെയ്ത് കഥകൾ മെനഞ്ഞുണ്ടാക്കിയത് ബിജെപി അനുകൂല ശക്തികളാണെന്നും സ്റ്റാലിൻ തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
“അടിച്ചമർത്താൻ ആഹ്വാനം ചെയ്യുന്ന തത്വങ്ങൾക്കെതിരായ ഉദയനിധിയുടെ നിലപാട് സഹിക്കാൻ കഴിയാതെ ബിജെപി അനുകൂല ശക്തികൾ സനാതൻ ചിന്താഗതിക്കാരായ ആളുകളെ വംശഹത്യ നടത്താൻ ഉദയനിധി ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചു. ബിജെപി വളർത്തിയെടുത്ത സോഷ്യൽ മീഡിയ ആൾക്കൂട്ടം ഈ അസത്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാലും , ബഹുമാനപ്പെട്ട മന്ത്രി ഉദയനിധി തമിഴിലോ ഇംഗ്ലീഷിലോ വംശഹത്യ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. എന്നിട്ടും അങ്ങനെ അവകാശപ്പെട്ട് നുണകൾ പ്രചരിപ്പിച്ചു,” സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
മാത്രമല്ല, സനാതന ധർമത്തിനെതിരായ ഉദയനിധിയുടെ പരാമർശങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി തന്റെ മന്ത്രിമാർക്ക് നിർദേശം നൽകിയത് നിരാശാജനകമാണെന്നും സ്റ്റാലിൻ പറഞ്ഞു. ഉദയനിധി എന്താണ് സംസാരിച്ചതെന്നറിയാതെയാണ് പ്രധാനമന്ത്രി അഭിപ്രായം പറയുന്നതെന്നും അത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.