ജാഥകളും പൊതുയോഗങ്ങളും പാടില്ല; മുംബൈയിൽ നിരോധനാജ്ഞ
ക്രമസമാധാന നില തകർക്കാൻ ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അടുത്ത മാസം 1 മുതൽ 15 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലീസ് കമ്മീഷണർ അറിയിച്ചു.അഞ്ചോ അതിൽ അധികമോ പേരെ കൂട്ടം കൂടാൻ അനുവദിക്കില്ല. ജാഥകളും പൊതുയോഗങ്ങളും പാടില്ലെന്നും പോലീസ് ഉത്തരവിൽ പറയുന്നു. അതേസമയം, മരണം വിവാഹം സിനിമ തീയേറ്റർ തുടങ്ങിയവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ശക്തമായ പോലീസ് നിരീക്ഷണം നഗരത്തിലാകെ ഏർപ്പെടുത്തും. ജനങ്ങൾ സഹകരിക്കണമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു. കഴിഞ്ഞ ദിവസം മുംബൈയിലെ മാളുകൾ ബോംബ് വച്ച് തകരുമെന്ന് ഭീഷണി സന്ദേശം ലഭിച്ചത് വലിയ പരിഭ്രാന്തി പടർത്തിയിരുന്നു. നഗരത്തിലെ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
അന്ധേരിയിലെ ഇൻഫിനിറ്റി മാൾ, ജുഹുവിലെ പി വി ആർ മാൾ, വിമാനത്താവളത്തിലെ സഹാറ ഹോട്ടൽ എന്നിവിടങ്ങളിൽ ബോംബ് വച്ച് തകർക്കുമെന്നാണ് അജ്ഞാത സന്ദേശത്തിൽ പറഞ്ഞത്.