കെകെ ശൈലജ ടീച്ചര്‍ക്കെതിരെ പ്രചരണം നടന്നത് യുഡിഎഫ് നേതൃത്വത്തിന്റെ ഒത്താശയോടെ: വി വസീഫ്
സ്ത്രീ വിരുദ്ധ പരാമര്ശം നടത്തിയ ആര്‍എംപി നേതാവ് ഹരിഹരന്റെ വീട് ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയ്ക്ക് പങ്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഹരിഹരനിലൂടെ പുറത്തേക്ക് വന്നത് യുഡിഎഫിന്റെ മനോനിലയാണ്.
സിപിഎമ്മിൽ നിന്നും പുറത്താക്കുന്നവരെ വലയിട്ട് പിടിച്ച് ഹരിഹരന്‍മാര്‍ ആക്കുന്നതാണ് കോണ്‍ഗ്രസ് രീതി. മുക്കം ഫൈസിക്ക് നിസ്‌കരിക്കാന്‍ മുട്ടിയെന്ന ഹരിഹരന്റെ പരാമര്‍ശത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും വി വസീഫ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വത്തിന്റെ ഒത്താശയോടെയാണ് കെകെ ശൈലജ ടീച്ചര്‍ക്ക് എതിരെ പ്രചരണം നടന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് അശ്ലീലം പറയും. വര്‍ഗ്ഗീയത പരത്തും. എന്തും ചെയ്യുമെന്നും വി വസീഫ് ആരോപിച്ചു. സ്ത്രീകളെ കൂടുതല്‍ ആക്ഷേപിക്കുന്നവരെ പ്രമോഷന്‍ കൊടുക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. സ്ത്രീകളെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും വി വസീഫ് കൂട്ടിച്ചേർത്തു.