ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികം; സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ

single-img
17 February 2023

സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. ഇപ്പോൾ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ, റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം.

അതേസമയം, ക്യാമറ ഘടിപ്പിക്കാൻ പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും എന്നായിരുന്ന സർക്കാർ പറഞ്ഞിരുന്നത്. അതോടൊപ്പം ക്യാമറ ഘടിപ്പിക്കൽ, ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

തങ്ങളുടെ ആവശ്യങ്ങൾക്ക് അനുകൂല നടപടി ഇല്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. കേരളത്തിൽ ഇപ്പോൾ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും ഈ മാസം 28 ന് മുമ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്നാണ് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിര്‍ദ്ദേശം. ഇതോടൊപ്പം കെഎസ്ആർടിസി ബസുകളിലും ക്യാമറ സ്ഥാപിക്കും.