ചൈനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രക്ഷോഭം

single-img
27 November 2022

ഷാങ്ഹായി: ചൈനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രക്ഷോഭം. ഞായറാഴ്ച പുലര്‍ച്ചെ ഷാങ്ഹായില്‍ തെരുവുകളില്‍ പ്രതിഷേധം നടക്കുന്നു എന്നാണ് വിവരം.

നിരവധി വീഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചൈനീസ് സര്‍ക്കാറിന്‍റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും, ചൈനീസ് സര്‍ക്കാറിനെതിരെയും പ്രക്ഷോഭകര്‍ മുദ്രവാക്യം വിളിക്കുന്നത് വീഡിയോയില്‍ ഉണ്ട്.

ഉറുംഖിയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ വെന്തുമരിച്ചതാണ് പ്രക്ഷോഭം പെട്ടെന്ന് പൊട്ടിപുറപ്പെടാന്‍ കാരണമായത് എന്നാണ് വിവരം. സംഭവത്തില്‍ 9 പേര്‍ക്ക് പൊള്ളലേറ്റിരുന്നു. കൊവിഡ് നിയന്ത്രണങ്ങളാണ് മരണം വര്‍ദ്ധിപ്പിച്ചത് എന്നാണ് ആരോപണം.

ചൈന രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കര്‍ഫ്യൂ കൊവിഡ് നിയന്ത്രണത്തിന്‍റെ പേരില്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ഉറുംഖി. ഇവിടെ 40 ലക്ഷത്തോളം പേര്‍ 100 ദിവസം വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഷാങ്ഹായി നഗരത്തില്‍ ഏകദേശം 200 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വിവരം.

ഡിഡബ്യൂ ന്യൂസ് ഈസ്റ്റ് ഏഷ്യ ലേഖകന്‍ വില്ല്യം യാങ് ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ പ്രകാരം. ഉറുംഖി റോഡില്‍ തടിച്ചുകൂടിയ ജനം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയും ചൈനീസ് സര്‍ക്കാറിനെതിരെയും, പ്രസിഡന്‍റ് ഷിക്കെതിരെയും രോഷം പ്രകടിപ്പിച്ച്‌ മുദ്രവാക്യം വിളിക്കുന്നത് കേള്‍ക്കാം. ‘സ്റ്റെപ്പ് ഡൗണ്‍ സിസിപി’ തുടങ്ങിയ മുദ്രവാക്യങ്ങള്‍ കേള്‍ക്കാം എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു ഷാങ്ഹായില്‍ നിന്നുള്ള വീഡിയോയില്‍. ഡസന്‍ കണക്കിന് പോലീസിനെ അഭിമുഖീകരിക്കുന്ന ജനക്കൂട്ടത്തെ കാണാം: “ജനങ്ങളെ സേവിക്കൂ”, “ഞങ്ങള്‍ക്ക് ആരോഗ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല”, “ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം” എന്നിങ്ങനെ അവര്‍ മുദ്രവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം.