‘നന്ദിനി’ക്കെതിരെ പ്രതിഷേധം; വയനാട്ടില്‍ പശുക്കളുമായി റോഡിലിറങ്ങി കര്‍ഷകര്‍
കർണാടകയുടെ ‘നന്ദിനി’ക്കെതിരെ പ്രതിഷേധം ശക്തമാക്കി വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ . ജില്ലയിൽ പശുക്കളുമായി റോഡിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള ‘നന്ദിനി’ കേരളത്തില്‍ ഔട്ട്‌ലെറ്റുകള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്.
നന്ദിനി കടന്നുവരുന്നതോടെ ഇപ്പോഴുള്ള പാല്‍ സംഭരണത്തെയും വിതരണത്തെയും സാരമായി ബാധിക്കുമെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്.നിലവിൽ മില്‍മയിലൂടെയാണ് ഇവിടെയുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ വളര്‍ന്നത്. അതിനാൽ മില്‍മയുടെ വിപണിക്ക് ഇളക്കമുണ്ടായാല്‍ അത് ബാധിക്കുക ക്ഷീരകര്‍ഷകരെയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
അതേസമയം, കേരളത്തിലേക്കുള്ള നന്ദിനിയുടെ വരവിനെ മില്‍മയും ശക്തമായി എതിര്‍ത്തു. അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ് വില്‍ക്കേണ്ടതെന്നും സഹകരണ തത്വങ്ങളുടെ ലംഘനമാണ് നന്ദിനിയുടെ വരവെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ഈ കാര്യങ്ങൾ ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഉടനടി പരിഹാരം കാണാമെന്ന് ബോര്‍ഡ് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.