ആരൊക്കെ എതിർത്താലും ഞാൻ എന്റെ ജോലി ചെയ്യും; സമരക്കാർക്ക് വേണമെങ്കിൽ ചായ കൊടുക്കാം: ഗവർണർ
25 നും 26 നും സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് എൽ ഡി എഫ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതിനോടുള്ള ഗവർണറുടെ പ്രതികരണം ചർച്ചയാകുന്നു. ഇന്ന് ഗവർണർ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ എൽ ഡി എഫ് പ്രഖ്യാപിച്ച സമരത്തെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി .
തനിക്കെതിരായ സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ഗവർണർ സമരക്കാർക്ക് വേണമെങ്കിൽ ചായ കൊടുക്കാം എന്ന് പരിഹസിക്കുകയും ചെയ്തു. ആരൊക്കെ എതിർത്താലും ഞാൻ എന്റെ ജോലി ചെയ്യുമെന്നു പറഞ്ഞ അദ്ദേഹം ഏത് തരത്തിലുള്ള പ്രതിഷേധവും ഉയരട്ടെയെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇന്ത്യ എന്നത് ഒരു സ്വതന്ത്ര രാജ്യമാണെന്നും ആർക്കും സമരം ചെയ്യാൻ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.. ഇതോടൊപ്പം അദ്ദേഹം മന്ത്രിമാരെയും വിമർശന വിധേയമാക്കി. സംസ്ഥാനത്തെ മന്ത്രിമാരിൽ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ രൂക്ഷമായ ഭാഷയിലാണ് ഗവർണർ വിമർശിച്ചത്. ആരാണ് അവർ എന്നും ഞാൻ മറുപടി പറയാൻ യോഗ്യത ഉള്ള ആൾ ആണോ അവർ എന്നും ചോദിച്ച ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാൻ നിയമിച്ചതല്ലല്ലോ എന്നും പറഞ്ഞു. വൈസ് ചാൻസലർമാർക്കെതിരായ നടപടിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രശ്നമുണ്ടെങ്കിൽ അവർ സുപ്രീം കോടതിയിൽ പോകട്ടെയെന്നും അഭിപ്രായപ്പെട്ടു.