പ്രതിഷേധിക്കുന്നവർക്ക് പണം ലഭിക്കുന്നു; ഗുസ്തി താരങ്ങൾക്കെതിരെ അധിക്ഷേപവുമായി ബ്രിജ് ഭൂഷൺ


തന്റെ അറസ്റ്റിന് വേണ്ടി ദില്ലി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. പ്രതിഷേധിക്കുന്ന കായിക താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. പാർട്ടി തന്നോട് ആവശ്യപ്പെട്ടാൽ രാജിവെക്കും. ബിജെപിയാണ് പ്രതിഷേധക്കാരുടെ ഉന്നമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
തുക്കഡെ തുക്കഡെ ഗ്യാങ്, ഹഹീൻ ബാഗ്, കർഷക സമര സംഘങ്ങളാണ് താരങ്ങളുടെ സമരത്തിന് പിന്നിൽ. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള ഭിന്നതയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ഷഹീൻ ബാഗ് പോലെ സമരം മാറുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
അതേസമയം, ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന് ബ്രിജ് ഭൂഷൺ മുമ്പ് പറഞ്ഞിരുന്നു. സുപ്രീംകോടതി എന്നത് നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്. സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ തയ്യാറല്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഓരോ ദിവസം ചെല്ലുംതോറും ഗുസ്തി താരങ്ങളുടെ ആവശ്യം ദിനംപ്രതി കൂടിക്കൂടി വരുന്നു. ആദ്യം ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെട്ടു.
അതിനുശേഷം ലൈംഗികാരോപണം ഉയർത്തി. ഈ കാര്യത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും മുമ്പ് അടുത്ത പ്രതിഷേധം തുടങ്ങിയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. രാജിവെക്കാൻ തയ്യാറാകുന്നത് കുറ്റം സമ്മതിച്ചിട്ടല്ല എന്നും ഗുസ്തി താരങ്ങൾക്ക് അതാണ് വേണ്ടതെങ്കിൽ രാജിക്ക് തയ്യാറെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു.