ഡിഎംകെയ്ക്കെതിരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടേയും ഹിന്ദു മുന്നണിയുടേയും പ്രതിഷേധം
ഡിഎംകെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ രാജ നടത്തിയ സനാതന ധർമത്തിനെതിരായ പരാമർശത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടേയും ഹിന്ദു മുന്നണിയുടേയും പ്രതിഷേധം തുടരുന്നു. ഇതിന്റെ ഭാഗമായി പുതുച്ചേരിയിൽ ഹിന്ദുമുന്നണി ആഹ്വാനം ചെയ്ത ഹർത്താലിൽ വിവിധയിടങ്ങളിൽ നിന്ന് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
തമിഴ്നാട് ഗവർണറായ ആർ.എൻ. രവി സനാതന ധർമത്തെ പുകഴ്ത്തി സംസാരിച്ചതിനെ രാഷ്ട്രീയമായി എതിർക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിന്‍റെ ഭാഗമായിരുന്നു എ രാജയുടെ പ്രതികരണം. സനാതന ധർമത്തിന്‍റെ അടിസ്ഥാനം മനുസ്മൃതിയാണെന്നും ബ്രാഹ്മണ്യത്തിന് മാത്രമേ അതിനെ പിന്തുണയ്ക്കാനാകൂ എന്നുമായിരുന്നു രാജയുടെ പ്രതികരണം.
രാജ്യത്തിന്റെ ഭരണഘടനാ പദവിയിലിരുന്ന ഗവർണർ മതപ്രീണനം നടത്തുകയാണെന്ന് ഡിഎംകെ നേതാവ് ടി.ആർ. ബാലുവും കുറ്റപ്പെടുത്തി. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ബിജെപി ഉയർത്തുന്നത്. ഡിഎംകെ നിലപാട് ഹിന്ദുവിരുദ്ധമെന്ന് ആരോപിച്ച് വില്ലുപുരത്തും കോയമ്പത്തൂരുമെല്ലാം ബിജെപി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
എ. രാജയെയാണ് ബിജെപി, ഹിന്ദുമുന്നണി പ്രവർത്തകരുടെ പ്രതിഷേധം ഉന്നം വെച്ചത്. എ. രാജയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ബിജെപി കോയമ്പത്തൂർ ജില്ലാ അധ്യക്ഷൻ ബാലാജി ഉത്തമാരസ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ രാജയ്ക്കെതിരെ കടുത്ത വാക്കുകളിലാണ് പ്രതികരിച്ചത്. ഡിഎംകെയുടെ ദ്രാവിഡ മോഡൽ ആശയപ്രചാരണത്തിനെതിരെ തമിഴ്നാട്ടിലുടനീളം ഹിന്ദുത്വയിലൂന്നിയ എതിർ പ്രചാരണം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.