കമൽ നിർമ്മാതാവായ ‘അമരൻ’ സിനിമയ്‌ക്കെതിരേ തമിഴ്നാട്ടിൽ പ്രതിഷേധം

single-img
23 February 2024

മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് ശിവകാർത്തികേയൻ നായകനായ ‘അമരൻ’ സിനിമയ്‌ക്കെതിരേ തമിഴ്നാട്ടിൽ പ്രതിഷേധം. ഈ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനെ തുടർന്നണ് മുസ്‌ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നടനും നിർമ്മാതാവുമായ കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ച്ചേഴ്സും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. ചിത്രത്തിൽ മുസ്‌ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

നായകനായ ശിവകാർത്തികേയനും നിർമ്മാതാവ് കമൽഹാസനുമെതിരേ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. താരങ്ങളെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തിരുനെൽവേലി, തിരുപ്പൂർ, വെല്ലൂർ, തിരുച്ചിറപ്പള്ളി, ഗൂഡല്ലൂർ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം ഉയർന്നിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി.

തമിഴക മക്കൾ ജനനായക കക്ഷി (ടിഎംജെകെ) യാണ് പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത്. സിനിമയുടെ റിലീസ് തടയാൻ തമിഴ്നാട് സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് പാർട്ടിയുടെ തിരുച്ചിറപ്പള്ളി ജില്ലാസെക്രട്ടറി റയാൽ സിദ്ദിഖി ആവശ്യപ്പെട്ടു.