ഏകാധിപത്യത്തിന്‍റെ ഇരകളായി സസ്പെൻഡ് ചെയ്യപ്പെട്ടതിൽ അഭിമാനം: കെ സുധാകരൻ
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെത്തുടർന്ന് ലോക് സഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി. സഭയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇത്രയേറെ എം പിമാരെ ഒന്നിച്ച് സസ്പെൻഡ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
ഏകാധിപത്യത്തിന്‍റെ ഇരകളായി സസ്പെൻഡ് ചെയ്യപ്പെട്ടതിൽ അഭിമാനമുണ്ടെന്നും പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങളോട് വിശദീകരിക്കുമെന്നും കെ പി സി സി അധ്യക്ഷൻ വിവരിച്ചു. കെ സുധാകരനൊപ്പം ശശി തരൂര്‍, അടൂർ പ്രകാശ് തുടങ്ങിയ കേരളത്തിൽ നിന്നുള്ള എം പിമാരെയും മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള 49 പേരെയാണ് ഇന്ന് ലോക് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ഇതോടുകൂടി പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 141 ആയിട്ടുണ്ട്.