രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കും; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ പി ടി ഉഷ

single-img
27 April 2023

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ. കായിക താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന് ഉഷ വിമർശിച്ചു. തെരുവിൽ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും പി ടി ഉഷ വ്യക്തമാക്കി.

റസ്ലിം​ഗ് ഫെഡേറേഷൻ ഭരണത്തിന് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ച് ഒളിമ്പിക് അസോസിയേഷൻ. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് ക്രമീകരണം. അതേസമയം, ഗുസ്തി താരങ്ങൾ ദില്ലി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങൾ ഡൽഹി പോലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് ആറു ദിവസം ആയിട്ടും എഫ്ഐ ആർ എടുത്തിട്ടില്ല. ഒന്നിലധികം രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇവർക്ക് പിന്തുണ അറിയിച്ചു. ഇതോടൊപ്പം തന്നെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ വിവിധ ഇടത് സംഘടനകൾ ഇന്ന് പ്രതിഷേധിക്കും.