പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചര്‍ച്ച കെപിസിസിയുടെ അനുശോചനത്തിന് ശേഷം: രമേശ് ചെന്നിത്തല


പുതുപ്പള്ളിയില്‍ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കൂടുതൽ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കെപിസിസി നടത്തുന്ന ഔദ്യോഗിക അനുശോചനം ഈ മാസം 24നാണ്. അതിനുശേഷം മാത്രമേ തിരഞ്ഞെടുപ്പു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി ആളുകള്‍ പ്രാര്‍ഥിക്കുന്നുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആളുകളുടെ അസാധാരണ സ്‌നേഹ പ്രകടനമാണ് പുതുപ്പള്ളിയില്‍ കാണുന്നത്. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ കരുത്തനാണ് വിടപറഞ്ഞ ഉമ്മന്‍ ചാണ്ടിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ: ”ഇവിടെ വരാന്‍ പറ്റാത്തതില്‍ വിഷമിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഇന്നുതന്നെ അമേരിക്കയില്‍നിന്ന് നാലു പേര്‍ വിളിച്ചു. വരാന്‍ പറ്റിയില്ല, ചാണ്ടി ഉമ്മനോട് പറയണം എന്നൊക്കെ പറഞ്ഞു. ചാണ്ടി ഉമ്മന്റെ നമ്പര്‍ കൈവശമില്ലാത്തതുകൊണ്ട് എന്നോടു പറയുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ വിളിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതെല്ലാം ഒരു നല്ല ജനനേതാവിന് കിട്ടുന്ന അംഗീകാരമാണ്.’
”ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ പതിന്‍മടങ്ങ് കരുത്തനാണ് നമ്മെ വിട്ടുപിരിഞ്ഞ ഉമ്മന്‍ ചാണ്ടി. ആ ഓര്‍മകള്‍ പാര്‍ട്ടിയെയും സമൂഹത്തെയും ജനാധിപത്യ ചേരിയെയും യുഡിഎഫിനെയുമെല്ലാം ശക്തിപ്പെടുത്തുമെന്ന ഉറപ്പ് എനിക്കുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ തന്നെ പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഐക്യ ജനാധിപത്യ മുന്നണിക്കും കരുത്താണ്. പുതുപ്പള്ളിയില്‍ ഉപ തിരഞ്ഞെടുപ്പ് വൈകാതെ വരുമെന്ന ധാരണയാണ് ഞങ്ങള്‍ക്കുമുള്ളത്. ഔദ്യോഗികമായി കെപിസിസിയുടെ അനുശോചനം ഈ മാസം 24നാണ്. അതിനുശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കും.’ – ചെന്നിത്തല പറഞ്ഞു.