പുതുപ്പള്ളി: കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെ മറികടന്നു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ് ആറുമണിക്കൂർ പിന്നിടുമ്പോൾ 47.12 ശതമാനം പോളിങ്. ഉച്ചയ്ക്ക് ഒരുമണിവരെയുള്ള കണക്കിൽ കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെ മറികടന്നു. ആകെയുള്ള 1,76,417 വോട്ടർമാരിൽ 83,140 പേർ ഇതുവരെ വോട്ട് ചെയ്തു. 41,921 പുരുഷ വോട്ടർമാരും 41,217 സ്ത്രീ വോട്ടർമാരും 2 ട്രാൻസ്ജെൻഡര്‍ വോട്ടർമാരും ഇതുവരെ വോട്ട് ചെയ്തു.
ഉച്ചയ്ക്ക് ഒരുമണിവരെയുള്ള പോളിങ് ശതമാനത്തിൽ കഴിഞ്ഞതവണത്തേക്കാൾ 2 ശതമാനമാണ് വർധന. ഇന്ന് രാവിലെ 11 മണിയോടെ പുതുപ്പള്ളി, മണർകാട്, പാമ്പാടി, അയർക്കുന്നം മേഖലകളിൽ ഉൾപ്പെടെ കനത്ത മഴ പെയ്തത് പോളിങ് മന്ദഗതിയിലാക്കിയിരുന്നു. മഴ മാറിയതോടെ പോളിങ് സ്റ്റേഷനുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ടനിരയാണ്.
ഇടത്- വലത് സ്ഥാനാർഥികൾ രണ്ടു പേരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണർകാട് ഗവ. എൽപി സ്കൂളിലെ 72ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. നീണ്ട ക്യൂവിൽ ദീർഘനേരം കാത്തുനിന്നശേഷമാണ് ജെയ്ക്ക് വോട്ടു രേഖപ്പെടുത്തിയത്.